ഞാന്‍ തെറിക്കവിതയെഴുതുകയാണ്
എനിക്കു മുന്‍പിലിരിക്കുന്നവരും
പിന്‍പിലിരിക്കുന്നവരും
തെറിക്കവിതകള്‍ എഴുതിക്കൊണ്ടേയിരിക്കുന്നു
പട്ടാപ്പകല്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍
എല്ലാവരും തുണിയില്ലാതെയിരുന്ന്
തെറിപ്പാട്ടു പാടി
തെറിക്കവിതയെഴുതുന്നതു കണ്ട്
ഇതൊരു ഇല്യൂസ്ട്രേറ്ററോ,
ഫോട്ടോഷോപ്പോ ആണെന്നു തോന്നിപ്പോയി.
എല്ലാവരും അവരവരുടെ വീടുകളിലെ
ഏറ്റവും കൂതറ അംഗത്തെ ഓര്‍ത്ത്
തെറിപ്പാട്ടുകള്‍ പാടുന്നു
ഗട്ടറില്‍ വീഴുമ്പോള്‍ ആടിയും, ചാഞ്ചാടിയും
താളത്തിലും ടൈം പാസ്സിന്
അല്‍പ്പാല്‍പ്പം അമേദ്ധ്യം ‘ടച്ചിംഗ്സ്’ ആക്കിയും
ആവേശത്തോടെ തെറിക്കവിതകളെഴുതുന്നു
പെട്ടെന്ന് തീരേണ്ടതാണ് ഒരോ തെറിയും
എന്നാല്‍ ഇവിടെ ഓരോ തെറിക്കും
ഓരോ ഖണ്ഡകാവ്യത്തിന്‍റെ നീളമുണ്ട്
അതുകൊണ്ട് ഈ ബസ്സിന്‍റെ ശബ്ദത്തേക്കാള്‍
തെറികളുടെ ശബ്ദം മുന്നിട്ടു നില്‍ക്കുന്നു
തെറിവിളിക്കാരുടെ ഈ ബസ്സാകട്ടെ
ബൂലോകത്തിലൂടെ ധീരധീരം
സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു
വഴി തെറ്റിയ കുഞ്ഞാടുകള്‍
കണ്ണില്‍ കണ്ടവരെയും, ഏകാന്ത പഥികരെയും
വൃത്ത കവികളെയും, ബൂലോക മാന്യന്മാരെയും
പ്രതികരിക്കാന്‍ കഴിയാത്തവനെയുമെന്നു വേണ്ട
തന്‍റെ കൂടെ കൂട്ടാന്‍ പറ്റാത്തവനെയെല്ലാം
മുട്ടന്‍ തെറി, പുളിച്ച തെറി, വളിച്ച തെറി
നാണം കെട്ട തെറി എന്നിങ്ങനെയുള്ള തെറികളാല്‍
സമൃദ്ധമായി അനുഗ്രഹിക്കുന്നു
പലരും ആ തെറികള്‍ കേട്ടു ഛര്‍ദ്ദിക്കുന്നു
എല്ലാവരെയും പണ്ടാരമടക്കി മുന്നോട്ടു പോവുകയാണ്
പൊട്ടക്കിണറ്റിലൂടെ വട്ടത്തിലോടുന്ന ഈ ബസ്സ്
വൈകാതെ ഈ ബസ്സിലെ തെറികള്‍ വികസിച്ച്
മഹാകാവ്യങ്ങളായി ബൂലോകര്‍ വാഴ്ത്തും
കൂട്ടുകാര്‍ ചേര്‍ന്ന് മഹാനാക്കുന്ന കവികള്‍ക്ക്
മൂക്കു പൊത്തിക്കൊണ്ട് അവാര്‍ഡ് നല്‍കാന്‍
ഒരു മന്ത്രിയെങ്കിലും വരാതിരിക്കില്ല
വീടിനു മുന്‍പിലെ തീവണ്ടിപ്പാതയില്‍
രാവിലെ കുത്തിയിരുന്നു കാര്യം സാധിക്കാതെ
നേരേ ബസ്സില്‍ കയറുന്ന കവികള്‍ക്ക്
ഇതിലപ്പുറം എന്താണ് സാധിക്കുക?
ബസ്സുകള്‍ ഇനിയും വരും...