ഇവിടെ പോസ്റ്റ് ചെയ്യുന്നവ വെറും തമാശയും നേരം പോക്കും മാത്രമാണ്. ആര്‍ക്കെങ്കിലും വ്യക്തിപരമായി പരാതിയോ, വിഷമമോ തോന്നിയാല്‍ ദയവായി അറിയിക്കുക. ഉടന്‍ തന്നെ പോസ്റ്റ് പിന്‍‍വലിക്കുന്നതായിരിക്കും. pisharodymash@gmail.com

2008, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

പ്രേമത്തിന്‍റെ ദേശീയ സസ്യം - ഒരു പഠനം.

കുഴൂര്‍ വിത്സണ്‍ എന്ന അത്ഭുത പ്രതിഭ വിസ്ഫോടനാത്മകമായ കവിത്വത്തിന്‍റെ വേലിയേറ്റമായി ഒരു സുനാമിത്തിര പോലെ കവിതാസ്വാദകന്മാമുടെ തലമണ്ടയിലേക്ക് അടിച്ചു കയറുകയാണ്. തന്‍റെ തനതായ ശൈലിയിലൂടെ ഒരു പടക്കുതിരയേപ്പോലെ മന്ദം മന്ദം ഒഴുകു നടക്കുന്ന ആ പ്രതിഭയുടെ മഹത്തരവും, മഹോന്നതവും, ഉദാത്തവും, ഉദരനിമിത്തവും, ലോലവും, ലൈലോന്മത്തവുമായ ഒരു മഹാകൃതി ഇനി വരുന്ന എല്ലാ തലമുറക്കും ബ്രൈറ്റ് ലൈറ്റിന്‍റെ ടോര്‍ച്ചു പോലെ, എല്‍ ഇ ഡി ബള്‍ബായി പ്രകാശപൂരിതമായി തീരുമെന്നതില്‍ സംശയമേയില്ല.

അനേകം നിഗൂഢ സത്യങ്ങളുടെ വെളിപാടു തറയാണ് പ്രേമത്തിന്‍റെ ദേശീയ സസ്യം എന്ന ഈ കവിത എന്നു ഉറക്കെ, ആറുവായിട്ടു വിളിച്ചു കൂവാതെ നിവൃത്തിയും നിര്‍വൃതിയുമില്ല. ആ കവിതയെ പദാനുപദം വ്യാഖ്യാനിക്കാനാണ് ഷാരടി ഇന്നത്തെ ക്ലാസ്സ് വിളിച്ചു കൂട്ടിയിരിക്കുന്നത്. വിവരവും, വകതിരിവും, ബോധവും ഒന്നുമില്ലാത്ത നിരക്ഷരകുക്ഷികളായ കുറേ മണ്ടന്മാര്‍ ആ കവിതയെ കുറ്റം പറഞ്ഞു നടക്കുകയുണ്ടായി. അവര്‍ക്കും ഈ ക്ലാസ്സ് ഉപകാരപ്പെടും എന്നു വിശ്വസിക്കുന്നു.

മാതൃഭൂമി ബ്ലോഗനയില്‍ വരെ കവിത പ്രസിദ്ധീകരിച്ച ശ്രീമാന്‍ വിത്സണ്‍, ഒട്ടും തന്നെ ആത്മപ്രശംസ നടത്തുകയോ, സ്വന്തം കവിത കേട്ടു കൂട്ടുകാര്‍ കയ്യടിച്ചാല്‍ പോലും ഒട്ടും സന്തോസിക്കുകയോ ചെയ്യുന്ന ആളല്ല. പ്രസാധകര്‍ പുറകേ നടന്നിട്ടും ഒറ്റക്കവിത പോലും പ്രസിദ്ധീകരിക്കാന്‍ കൊടുക്കാത്ത അദ്ദേഹം അച്ചടി മാധ്യമങ്ങള്‍ എന്‍റെ പുറകേ നടക്കണം എന്ന് അങ്ങേയറ്റം വിനയപൂര്‍വ്വം വാശി പിടിച്ച മലയാളത്തിന്‍റെ നട്ടെല്ലും വാരിയെല്ലുമുള്ള കവി തന്നെയെന്നതില്‍ ഒട്ടും സംശയിക്കരുത്. ആരും.

ഇനി നമുക്ക്‌ അദ്ദേഹത്തിന്‍റെ കവിത ഒന്നു പഠിക്കാം.

റോസാപ്പൂവിനെപ്രേമത്തോട് ആദ്യം അടയാളപ്പെടുത്തിയ മൈരനെ കണ്ടാല്‍ കൈ വെട്ടി കളയണം


ഈ വരിയില്‍ റോസാപ്പൂ എന്നത് പ്രേമിക്കുന്ന പെണ്ണിന്‍റെ അച്ഛനോ ആങ്ങളമാരോ ആയിരിക്കണം. പ്രേമത്തിന്‍റെ അടയാളം കാമുകന്‍റെ മോന്തക്കു ‘അടയാളപ്പെടുത്തിയവനെ’ മൈരന്‍ എന്നു തന്നെ വിളിക്കണം. അത് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കവിയുടെ ആത്മരോഷമല്ലാതെ പിന്നെ എന്താണ്‍ഊ കുട്ടികളേ? പറയൂ നിങ്ങള്‍ തന്നെ പറയൂ

ഇനി മൈരന്‍ എന്ന വാക്കിന്‍റെ അഗാധമായ അര്‍ദ്ധഗര്‍ത്താന്തര്‍ഗതങ്ങളിലേക്കു ഊളിയിട്ടിറങ്ങിച്ചെല്ലാം.

മൈരനെ പിരിച്ചെഴുതുമ്പോള്‍ മ് എന്ന ധാതുവില്‍ നിന്നും വിഘടിച്ചും ഉല്പ്രേഷിതമായി സം‌യോജിച്ചും ഉണ്ടായ പദമാണ് മൈ എന്നു മനസ്സിലാകും. മൌ എന്നെഴുതാതെ മൈ എന്നു തന്നെ കവി എഴുതിയതും പ്രത്യേകം ശ്രദ്ധേയമാണ്. ഈ മ സാക്ഷാല്‍ മായയുടെ പ്രതീകമാണ്. മായ എന്നാല്‍ ഈ പ്രപഞ്ചത്തില്‍ മുഴുവന്‍ പരന്നു കിടക്കുന്ന മായ. ആ മായയെ സിഗരറ്റിന്‍റെ പുക കൊണ്ട് പുകമറ സൃഷ്ടിച്ച് വേറെ ഒരു മായ കൊണ്ട് മൂടി വച്ച കവികുലോത്തുംഗശ്രീമാനായ അദ്ദേഹം നമ്മടെ പഴേ മായയെ തെളിയിച്ചു തരികയാണ് ആ ഒരൊറ്റ അക്ഷരത്തിലൂടെ! പിന്നെയുള്ളത് ര ആണ്. എന്താണീ ര? രാത്രിയുടെ അനന്ത സാദ്ധ്യതകളിലേക്കാണ് ഈ ര വിരല്‍ ചൂണ്ടുന്നത്. രാ എന്നെഴുതാതെ ര എന്ന് ഒറ്റ മാത്രയില്‍ എഴുതിയത് പാതിരാത്രിയെ ഉദ്ദേശിച്ചായിരിക്കണം. മറ്റൊന്ന് രഹസ്യം എന്ന അര്‍ദ്ധമാണ്. പ്രപഞ്ച രഹസ്യങ്ങളെ ചുരുളഴിച്ചിട്ടിരിക്കുകയാണ് ആ ര യിലൂടെ. അവസാനത്തെ ചില്ലക്ഷരം കൊണ്ട്‌ മായയുടെ രഹസ്യങ്ങളെല്ലാം ഒരു ചില്ലു പോലെ ഒരു കാലത്ത് തകര്‍ന്നു വീഴാന്‍ കവിയുടെ തൂലിക ഇടയാക്കും എന്നും അര്‍ദ്ധമുണ്ട്‌. അങ്ങനെ വളരെ വിശാലമായ ഒരു അര്‍ദ്ധത്തെ കേവലം രണ്ടര അക്ഷരം കൊണ്ട് സംക്ഷേപിച്ചു സമ്പ്രേക്ഷണം ചെയ്തിരിക്കുകയാണിവിടെ.

കൈ വെട്ടിക്കളയണം എന്നു പറഞ്ഞിരിക്കുന്നത് പ്രേമം തകര്‍ക്കാന്‍ വരുന്ന കരാള ഹസ്തങ്ങള്‍ വെട്ടി കാട്ടില്‍ കളയണമെന്ന അര്‍ദ്ധത്തിലാണ് എന്ന് കവിതയുടെ ശൈലിയും ശാലീനതയും കാണുമ്പോള്‍ നമുക്കു മനസ്സിലാകും.

വേറൊരു പൂവും വിരിയരുത്അവന്റെ പൂന്തോട്ടത്തില്‍എന്തിന് ഒരു പൂന്തോട്ടത്തില്‍ വേറെ നാറികള്‍

ഈ വരികളിലൂടെ ചീഞ്ഞു നാറുന്ന സാമൂഹിക ചുറ്റുപാടിനെ ഉടുതുണിയുരിഞ്ഞിട്ടിരിക്കുകയാണ്. സമൂഹത്തിലെ അക്രമത്തിനും അനീതിക്കും നേരെ ഒരു ദുശാസനന്‍റെ ഭാവത്തോടെയും ക്രൌര്യത്തോടെയും സമീപിക്കുന്ന കാഴ്ച്ച ഈ വരിയിലൂടെ നമുക്ക് വായിച്ചറിയാം. എന്തിന് പൂന്തോട്ടത്തില്‍ ‘വേറെ’ നാറികള്‍ എന്നത് എടുത്തു പറയണം. വേറെ എന്ന പദം അനവധി സങ്കീര്‍ണ്ണമായ സാദ്ധ്യതകളിലേക്ക് വായനക്കാരനെ കയ്യും കാലും പിടിച്ച് കൂട്ടിക്കൊണ്ടു പോകുന്നു. പൂന്തോട്ടം എന്നത് കവിയുടെ മനസ്സാകാനേ തരമുള്ളൂ.

ദേഹത്തിന്റെ ഓരോ മിടിപ്പിലുംമുള്ളുകളുമായിഒരു പട്ടിയുടെ ജാ‍ഗ്രതയോടെറോസയെക്കാക്കുന്ന ചെടിയെപ്രേമത്തിന്റെ ദേശീയസസ്യമായി പ്രഖ്യാപിക്കുക മാത്രമാണ്അതോട് ചേര്‍ന്ന് ചെയ്യാവുന്ന സാംസ്ക്കാരിക
പ്രവര്‍ത്തനം

പട്ടി എന്ന വാക്കിന്‍റെ പ്രസക്തി ഇവിടെയാണ്. വളഞ്ഞ വാലും നാലു കാലുമുള്ള പട്ടി വിദേശ അധിനിവേശത്തിനു മുന്‍പില്‍ വളഞ്ഞ നട്ടെല്ലുള്ള നാട്ടുകാരെയോ, അല്ലെങ്കില്‍ കള്ളു കുടിച്ചു രാത്രിയില്‍ നാലു കാലില്‍ വരുന്ന കുടിയന്മാരെയോ ആണ് പ്രതിനിധാനം ചെയ്യുന്നത്. കുരക്കാനുള്ള പട്ടിയുടെ സവിശേഷമായ കഴിവും കുടിയന്മാരുടെ ജല്പനങ്ങളും തമ്മിലുള്ള പൊരുത്തവും കൂട്ടി വായിക്കുമ്പോള്‍ അധപ്പതിച്ചു കൊണ്ടിരിക്കുന്ന ഒരു സംസ്ക്കാരത്തിനു നേരേ തന്‍റെ തൂലിക കൂര്‍പ്പിച്ചു പിടിച്ചിരിക്കുന്ന കവിയുടെ ഉല്‍ക്കോലകവീക്ഷണശക്തി നമ്മള്‍ മനസ്സിലാക്കിയെടുക്കണം. ഓരോ മിടിപ്പിലും മുള്ളുകള്‍ ഉള്ള പട്ടി എന്നത്‌ കുടിയന്മാരുടെ മനസ്സാക്ഷിക്കുത്തിനെയാണ് സൂചിപ്പിക്കുന്നത്‌. സാംസ്കാരിക മണ്ടലത്തില്‍ കടന്നു കൂടിയിട്ടുള്ള എല്ലാ കുടിയന്മാര്‍ക്കുമുള്ള താക്കീതാണ് ചെടിയെ-അതായത്‌ കുടിയന്മാര്‍ക്ക് താങ്ങും തണലുമാകുന്ന അവരുടെ കെട്ടിയവളുമാരെ- പ്രേമത്തിന്‍റെ - പ്രേമം കൊണ്ടായിരിക്കുമല്ലോ ഭാര്യമാര്‍ ഭര്‍ത്താവിനെ സ്നേഹിക്കുന്നത്‌- ദേശീയ സസ്യമായി പ്രഖ്യാപിക്കണം എന്നതിലൂടെ കവി വെളിവാക്കുന്നത്‌. അതായത് തറവാടിന്‍റെ നെടും തൂണ് ഭര്‍ത്താവല്ല ഭാര്യയാണ് എന്നു കൂടി വിളംബരം ചെയ്യുന്നു കവി. ഇതു കവിയുടെ വിശാല മനസ്സിനെയല്ലാതെ മറ്റെന്തിനെയാണ് സൂചിപ്പിക്കുന്നത്‌?.

മണ്ണ് വേര് വെള്ളം വെയില്‍പൂക്കള്ളന്‍ ഇതള്‍ വണ്ട് വാട്ടംഎന്റമ്മേ അയാളുടെ കൈ തീര്‍ച്ചയായും വെട്ടിക്കളയണംകരിങ്കണ്ണന്മാര്‍ നോക്കി കരിയിച്ച പൂവിനെക്കുറിച്ച് ഞാനെഴുതിക്കോളാംഞാനെഴുതിക്കോളാംഎന്നിട്ട് കൈവെട്ടിക്കോളൂ

മണ്ണിനെയും, വേരിനെയും. ‘വെള്ളത്തിനെയും’, വെയിലിനെയും മാത്രമല്ല കള്ളന്മാരെക്കൂടി സ്നേഹിക്കാന്‍ കഴിയുന്ന കവിമനസ്സിനെ ഈ വരികളിലൂടെ നമുക്കു വായിച്ചെടുക്കാം. ഇതളും വണ്ടും വാട്ടവും മൂന്നു ബാഹ്യ പ്രഹേളികകളായി വായനക്കാരിലേക്ക് ഒരായിരം ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. അതിന് വായനക്കാരന്‍ തന്‍റെ ബോധമണ്ടലത്തിലൂടെ അനുസ്യൂതം സഞ്ചരിച്ച് പുതിയ മാനങ്ങള്‍ കണ്ടെത്തണം എന്ന കവിയുടെ നിരീക്ഷണമാണ് ഇതിലൂടെ വെളിവാകുന്നത്. ആ രീതിയില്‍ വായനക്കാരന്‍ സഞ്ചരിക്കുമ്പോള്‍ കരിങ്കണ്ണന്മാര്‍ കരിയിച്ച പൂവിനെക്കുറിച്ചുള്ള തന്‍റെ പുതിയ സൃഷ്ടിയിലേക്കു തിരിഞ്ഞു നടക്കുന്നു കവി. കൂടാതെ തന്‍റെ അടുത്ത കവിതയെക്കുറിച്ചുള്ള ഒരു പ്രഘ്യാപനം കൂടി പരോക്ഷമായി നല്‍കുകയാണ് ഈ വരികളിലൂടെ. അതിനുമപ്പുറം തനിക്കു പറയാനുള്ളതു പറഞ്ഞ് ബാക്കി വായനക്കാരന്‍റെ ചിന്താധാരയില്‍ സന്നിവേശിപ്പിച്ച്‌ അവനെ അവന്‍റെ വഴിക്കു ചിന്തിക്കാന്‍ വിട്ടു തിരിഞ്ഞു നടക്കുന്ന കവിയുടെ മിതത്വവും ഈ വരികളിലൂടെ പ്രകടമാകുന്നു. ഞാന്‍ എഴുതാനുള്ളതൊക്കെ എഴുതിയിട്ടു കൈ വെട്ടിക്കോളൂ എന്നു തുറന്നടിക്കുന്ന കവി, ആരെല്ലാം എന്തെല്ലാം ചെയ്താലും ഞാന്‍ എഴുതുമെന്ന ഉറച്ച പ്രഘ്യാപനം കൂടി നടത്തുന്നു.


ഇത്രയും അര്‍ദ്ധവ്യാപ്തിയും, അര്‍ദ്ധസമ്പുഷ്ടിയുമുള്ള ഈ കവിതയെ കുറ്റം പറഞ്ഞു നടക്കുന്നവരോട്‌ ഷാരടിമാഷിന് സഹതാപം മാത്രമേയുള്ളൂ.
ഈ കവിത അടുത്ത അദ്ധ്യയന വര്‍ഷത്തിലെങ്കിലും എം എ മലയാളം പാഠപുസ്തകത്തില്‍ ചേര്‍ക്കണമെന്നും ഈ കവിത തലമുറ തലമുറകളായി വാമൊഴിയും, വരമൊഴിയുമായി കൈമാറപ്പെടണമെന്നും ഷാരടി ആഹ്വാനം ചെയ്യുന്നു.

2008, സെപ്റ്റംബർ 6, ശനിയാഴ്‌ച

പരിചയപ്പെട്ടിരിക്കുന്നത് നല്ലതാ

നമസ്കാരം

ഞാന്‍ പിഷാരടി മാഷ്

ഇനി കുറച്ചു കാലം ഇവിടൊക്കെത്തന്നെ കാണും. കാണുമെന്നു പറഞ്ഞാല്‍ കാണുന്നതെല്ലാം വിളിച്ചു പറയുകയും ചെയ്യും. ചില ശിഷ്യന്മാരെ ഉപദേശിച്ചു നന്നാക്കുക എന്നതാണ് ലക്ഷ്യം. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

കുനിഞ്ഞു കുമ്പിട്ടുകൊണ്ട്

പിഷാരടി മാഷ്